ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനായി എംജി മോട്ടോർ ഇന്ത്യയുടെ മാതൃകയിൽ ‘ബാറ്ററി-ആസ്-എ-സർവീസ്’ (ബാസ്) മോഡൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്‍റെ വിലയിൽ നിന്ന് ഒഴിവാകും. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ ബാറ്ററികൾ പ്രത്യേകം വാടകയ്‌ക്കെടുക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ടുലക്ഷം മുതൽ 3.5 ലക്ഷം വരെ കുറയും. ഇതോടെ വാഹനത്തിൻ്റെ വിലയും ബാറ്ററിയുടെ വാടകയും മാത്രമേ ഉപഭോക്താക്കൾ നൽകേണ്ടിവരൂ. നിലവിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് ശ്രേണിയിൽ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവ ഉൾപ്പെടുന്നു.
ബാറ്ററി-ആസ്-എ-സർവീസ് മോഡലിലൂടെ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ബാറ്ററികൾ വാടകയ്‌ക്കെടുക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്-ഷോറൂം വില 25 ശതമാനം മുതൽ 30 ശതമാനം വരെ കുറയും. ഇത് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ ഈ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. കമ്പനി ഉടൻ തന്നെ ഈ പദ്ധതി അവതരിപ്പിക്കാനുള്ള സാധ്യത ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകൾ. ടാറ്റയുടെ ഉപഭോക്താക്കൾ ഈ മോഡൽ സ്വീകരിക്കാൻ തയ്യാറാണെന്നും കമ്പനി കരുതുന്നു. കാരണം ഇത് അവർക്ക് ഡ്രൈവ് ചെയ്യാനുള്ള സാമ്പത്തിക ഓപ്ഷൻ നൽകുന്നു. ഇന്ത്യയിലെ ആദ്യത്തെ ‘ബാറ്ററി-ആസ്-എ-സർവീസ്’ (ബാസ്) സ്‍കീം അവതരിപ്പിച്ചത് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയാണ്. ഈ പദ്ധതി പ്രകാരം കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ ബാറ്ററി വാടക നൽകി ഉപഭോക്താക്കൾക്ക് എംജിയുടെ വാഹനങ്ങൾ ഓടിക്കാം. എം ജി കോമറ്റ് ഇവി, എജി വിൻഡ്‍സർ ഇവി, എംജി ഇസെഡ്എസ് ഇവി തുടങ്ങിയ മോഡലുകളിൽ ഈ പദ്ധതി നടപ്പിലാക്കി.