കോട്ടയം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ടീച്ചേഴ്‌സ് ഫ്രണ്ട്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം അംഗീകരിക്കുന്നതിലേക്ക് ഗവണ്‍മെന്റ് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം നല്‍കാതെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അധ്യാപകര്‍ക്കെതിരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ അനാസ്ഥയ്‌ക്കെതിരെ ജൂണ്‍ 23, 24 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളുടെ മുന്നിലും പ്രതിഷേധ ധര്‍ണ നടത്തുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു
തസ്തിക നഷ്ടപ്പെടുന്ന സ്‌കൂളുകളില്‍ 1: 40 റേഷ്യോ നടപ്പിലാക്കുക, അധ്യാപകര്‍ക്ക് ജോലി സ്ഥിരതയും സംരക്ഷണവും നല്‍കുക, സ്റ്റാറ്റുട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, സ്‌കൂളുകളുടെ ആറാം പ്രവര്‍ത്തി ദിവസം അവസാനിപ്പിച്ച് പഞ്ചദിന സാദ്ധ്യായ ദിവസം പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജുകുട്ടി ജേക്കബ്, സീനിയര്‍ വൈസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ പോരുവഴി, ട്രഷറര്‍ മെജോ കെ ജെ, സീനിയര്‍ സെക്രട്ടറി റോയ് മുരുക്കോലി തുടങ്ങിയവര്‍ സംസാരിച്ചു.