ശബരിമല : കാനനവാസനെ കണ്ടു തൊഴാന്‍ ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള 36 അംഗ സംഘം സന്നിധാനത്ത് എത്തി. തോമസ് പൈഫര്‍ എന്ന അയ്യപ്പന്റെ നേത്യത്വത്തില്‍ 22 മാളികപ്പുറങ്ങളും 14 അയ്യപ്പന്മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടുമണിയോടെ ഇരുമുടിക്കെട്ടേത്തി പതിനെട്ടാം പടി ചവിട്ടി അയപ്പദര്‍ശനം നടത്തിയ ശേഷം മാളികപ്പുറത്ത് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി എം എസ് പരമേശ്വരന്‍ നമ്പൂതിരി പ്രസാദം നല്‍കി സ്വീകരിച്ചു.
ഡിസംബര്‍ 26 ന് ചെന്നൈയില്‍ എത്തിയ സംഘം മഹാബലിപുരം, ചിദംബരം, തഞ്ചാവൂര്‍, തിരുവണ്ണാമല , കുംഭകോണം, തിരുച്ചി, പഴനി, സതുരഗിരി, രാമേശ്വരം, മധുര, തിരുനെല്ലാര്‍ തുടങ്ങി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയില്‍ എത്തിയത്. തോമസ് പൈഫര്‍സ്വാമി രണ്ടാം തവണയാണ് സന്നിധാനത്ത് എത്തുന്നത്. വരും വര്‍ഷങ്ങളിലും ശബരീശ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടന്ന് ഇവര്‍ പറഞ്ഞു. ചിദംബരം സ്വദേശി പഴനി സ്വാമിയാണ് സംഘത്തെ നയിക്കുന്നത്.