ഹൈദരാബാദ്: പ്രതിഷേധത്തിനിടെ പൊലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസില്‍ വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ശർമിളയെ അറസ്റ്റ് ചെയ്തു. സർക്കാർ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്നെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നിവേദനം നല്‍കാനായി പോകുന്നതിനിടെയാണ് ശര്‍മിളയെ പോലീസ് തടഞ്ഞത്. എസ്‌ഐടിയുടെ ഓഫീസിന് സമീപമെത്തിയ ശര്‍മിളയെ പോലീസ് തടയുന്നത് വീഡിയോയില്‍ വ്യക്തമാണ്. വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഒരു പോലീസുദ്യോഗസ്ഥന്‍ വാഹനത്തിന്‍റെ ഡ്രൈവറെ ബലമായി പുറത്തിറക്കുന്നതും തൊട്ടുപിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങുന്ന ശര്‍മിള പോലീസുദ്യോഗസ്ഥന് അരികിലെത്തി അയാളെ അടിക്കുന്നതും മറ്റൊരു വീഡിയോയില്‍ കാണാം.
ശര്‍മിളയും ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അവരെ തടയാന്‍ ശ്രമിക്കുന്നുമുണ്ട്. അതിനിടയില്‍ ഒരു വനിതാ പോലീസുകാരിയെയും ശര്‍മിള അടിക്കുന്നുണ്ട്. പിന്നീട്, ശർമിളയുടെ അമ്മ വൈ.എസ് വിജയമ്മയും പോലീസുകാരോട് കയര്‍ത്തു സംസാരിക്കുകയും ഉന്തും തള്ളുമുണ്ടാവുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ തടവില്‍ കഴിയുന്ന ശർമിളയെ കാണാൻ എത്തിയതായിരുന്നു വിജയമ്മ. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ സംസ്ഥാനത്താകെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 11 പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പരീക്ഷകൾ റദ്ദാക്കുകയും ചെയ്തു.ചോർച്ചയുടെ പേരിൽ കെ. ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ശർമിള പേപ്പർ ചോർച്ച വിഷയം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഈ വിഷയത്തിൽ ഹൈദരാബാദിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് ശര്‍മിളയെ തടഞ്ഞുവച്ചിരുന്നു.