മുംബൈ : ടെലിവിഷന്‍ റേറ്റിങ് തിരിമറി കേസില്‍ റേറ്റിങ് ഏജന്‍സിയുടെ മുന്‍ സി.ഇ.ഒ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് മുംബൈ പോലീസ് വ്യക്തമാക്കി . റിപ്പബ്ലിക്ക് ടിവി അടക്കമുള്ള ചാനലുകള്‍ക്ക് വേണ്ടി ബാര്‍ക്ക് സി.ഇ.ഒ ആയിരുന്ന പര്‍തോ ദാസ് ഗുപ്‍ത റേറ്റിങ്ങില്‍ വന്‍ കൃത്രിമം നടത്തിയെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. റിപ്പബ്ലിക്ക് ടിവി അടക്കം മൂന്ന് ചാനലുകള്‍ പണം നല്‍കി പ്രേക്ഷകരെ സ്വാധീനച്ചെന്ന പോലീസ് അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവില്‍ എത്തിനില്‍ക്കുന്നത്.
പര്‍തോ ദാസ് ഗുപ്‍ത ബാര്‍ക്കിന്റെ സിഇഒ ആയിരുന്ന 2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് റേറ്റിങ്ങില്‍ ഗുരുതര ക്രമക്കേട് നടന്നതായി മുംബൈ പോലീസ് പറയുന്നത്. ഇംഗ്ലീഷ്, തെലുങ്ക് വാര്‍ത്താ ചാനലുകള്‍, ചില വിനോദ ചാനലുകള്‍ എന്നിവയുടെ റേറ്റിങ്ങിലാണ് വ്യാപകമായി തട്ടിപ്പ് നടന്നത്. ഇഗ്ലീഷ് വാര്‍ത്ത ചാനലുകളുടെ പട്ടികയില്‍ റിപ്പബ്ലിക്ക് ടിവിയെ ഒന്നാമതെത്തിക്കാന്‍ പര്‍തോ ദാസ് ഗുപ്‍ത നിര്‍ദ്ദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ബാര്‍ക്ക് മൂന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ തെളിവായി പോലീസിന് ലഭിച്ചു.
റേറ്റിങ്ങില്‍ തിരിമറി നടത്തിയതിന് ഇരുവര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായോ എന്ന് അന്വേഷിക്കുന്നതായി മുംബൈ പോലീസ്-ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ഭരാംബെ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പര്‍തോ ദാസ് ഗുപ്തയെ ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ടെലിവിഷന്‍ റേറ്റിങ്ങില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ത്ത ചാനലുകളുടെ റേറ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റിപ്പബ്ലിക് ടിവിയുടെ സിഇഒ ഉള്‍പ്പടെ കേസില്‍ അറസ്റ്റിലായിരുന്നു. ചാനലുകള്‍ നടത്തിയ കൃത്രിമത്തിന് റേറ്റിങ് ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കുടപിടിച്ചെന്ന മുംബൈ പോലീസിന്റെ ഗുരുതര കണ്ടെത്തല്‍ ചാനല്‍ വ്യവസായ മേഖലയില്‍ വന്‍പൊട്ടിത്തെറിക്ക് വഴിവച്ചേക്കും.