ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പൊന്നം പ്രഭാകര്‍. സംസ്ഥാനത്തെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലിരുന്ന രണ്ട് രോഗികള്‍ മരണപ്പെട്ടിരുന്നു. ഈ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ ഉറപ്പാക്കുന്നില്ലെന്ന പരാതിയുമായി പൊന്നം രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരിലൊരാളാണ് പൊന്നം. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കിയെന്ന വിവരം പൂനം തന്നെയാണ് പുറത്തുവിട്ടത്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 34കാരനായ യുവാവ് സംസ്ഥാനത്ത് ഒരു ആശുപത്രിയില്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഇയാള്‍ ബന്ധുക്കള്‍ക്കയച്ച വീഡിയോയില്‍ ഇവിടുത്തെ ചികിത്സാ പരിമിതികളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് പൂനം ആരോപിക്കുന്നത്. തനിക്ക് ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നില്ലെന്നും താന്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് യുവാവ് വീഡിയോയില്‍ ആരോപിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതി.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നു. ഓക്സിജനും തുടര്‍ച്ചയായി നല്‍കി വന്നിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ജൂണ്‍ 26ന് ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ഇത്തരം കേസുകളില്‍ ഇതുപോലെ പലപ്പോഴും സംഭവിക്കാറുണ്ട്’ എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.
മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായതും മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണെന്നും പൊന്നം മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.