മാനന്തവാടി: ക്ഷേത്രത്തില്‍ കയറി മോഷണം നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളം കമ്പിനിപ്പടി രായ്മമരക്കാര് വീട്ടില്‍ റഷീദിനെയാണ് (47) മാനന്തവാടി സി.ഐ എം.എം. അബ്ദുള്‍ കരീമും സംഘവും പിടികൂടിയത്. 2018ല്‍ മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലെ 10,000 രൂപ എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പിലാക്കാവിലെ ഭാര്യവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി 10 മോഷണ കേസുകളില്‍ പ്രതിയാണ്. കൂടാതെ എട്ടു വിവാഹം കഴിച്ചിട്ടുണ്ട്. വ്യാജ സീല്‍ നിര്‍മ്മാണം, വ്യാജ രേഖ ചമക്കല്‍, പാസ്പോര്‍ട്ട് ആക്ട്, വിവാഹ തട്ടിപ്പ് തുടങ്ങിയ കേസുകളും ഇയാളുടെ പേരിലുണ്ട്. പ്രതിയെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.