ചാലാപ്പള്ളി : മല്ലപ്പള്ളി പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിൽ തുടർച്ചയായി അപകടമുണ്ടാകുന്ന ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലത്തിന് സമീപം അപകടമേഖലയെന്ന സൂചന നൽകുന്ന താത്‌കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, പാലം വിഭാഗം ഉദ്യോഗസ്ഥരാണ് താത്‌കാലികമായി ബോർഡുകൾ സ്ഥാപിച്ചത്. സ്ഥിരമായ അപകട മുന്നറിയിപ്പ് ബോർഡുകൾ, പാലത്തിന്റെ ഭാഗത്തെ വളവ് അറിയുന്നതിനായി ഷെവ്‌റോൺ ബോർഡ്, അപകടസ്ഥലം ശ്രദ്ധയിൽപെടുന്നതിനായുള്ള റോഡ് മാർക്കിങ്, പാലത്തിന്റെ കൈവരികൾ പെയിന്റുചെയ്യുക എന്നിവ ഉടൻ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് മല്ലപ്പള്ളി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റോമി ജെ.ചിങംപറമ്പിൽ, പാലം വിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷീജാ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എൻജിനീയർമാരായ അഭിനാഷ്, ആർ.സ്മിത എന്നിവരാണ് സ്ഥലത്തെത്തിയത്. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, അംഗങ്ങളായ പ്രകാശ് പി.സാം, സന്തോഷ് പെരുമ്പെട്ടി, സനൽകുമാർ, ആർ.രാജേഷ്‌കുമാർ, വി.വി.വിജിത, ഇന്ദു എന്നിവരും പാലത്തിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.