മംഗളൂറു: മാണ്ട്യ ഗുട്ടലു ശ്രീ അര്‍ക്കേശ്വര ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ കൊന്ന് ഭണ്ഡാരങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശി വിജയ് (30), കര്‍ണ്ണാടക അറക്കല്‍ ദൊഡ്ഢി മധൂര്‍ സ്വദേശികളായ ഗാന്ധി (28), മഞ്ജു തൊപ്പനഹള്ളി(30) എന്നിവരാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റിലായത്.
മധൂര്‍ സഡോലാലു ഗേറ്റിനടുത്ത ബസ് ഷല്‍ട്ടറില്‍ മൂവരും നില്‍ക്കുന്നതറിഞ്ഞ് പോലീസ് വളഞ്ഞ് ആകാശത്തേക്ക് വെടിയുതിര്‍ത്ത് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മാണ്ട്യ ജില്ല പോലീസ് സൂപ്രണ്ട് കെ പരശുറാം പറഞ്ഞു. എന്നാല്‍ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്. തുടര്‍ന്ന് പോലീസ് അവരുടെ മുട്ടിന് താഴെ നിറയൊഴിച്ചു. മൂവരേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളുടെ അക്രമത്തില്‍ പരുക്കേറ്റ സബ് ഇന്‍സ്പെക്ടറും രണ്ട് പോലീസുകാരും ചികിത്സയിലാണെന്ന് എസ് പി അറിയിച്ചു.
ഗണേശ്(35), പ്രകാശ്(36), ആനന്ദ്(33) എന്നീ പൂജാരിമാരെ തലക്കടിച്ച് കൊന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രക്കവര്‍ച്ച നടന്നത്.