ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറെ വധിച്ചു. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഹിസ്ബുള്‍ കമാന്‍ഡറെന്ന് സ്വയം അവകാശപ്പെടുന്ന നിസാര്‍ ഖാണ്ഡേയെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്‍സ്‍പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് ഒരു എ.കെ 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരായ സൈനിക നീക്കം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ട് അനന്തനാഗിലെ റിഷിപോരയിലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈനിക ഓപ്പറേഷനിടെ മൂന്ന് സൈനികര്‍ക്കും ഒരു സിവിലയനും പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ഹെലികോപ്ടറില്‍ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു. കശ്മീരില്‍ പ്രദേശവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍.