നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ചെറുതാണെങ്കിലും അതിന്റെ സാധ്യതകള്‍ എത്രയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സമീപകാലത്തെ വാര്‍ത്തകള്‍. ലോകത്തിലെ നമ്പര്‍ വണ്‍ ഇവി നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യന്‍ കര പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയിട്ട് നാള്‍ ഒത്തിരിയായി. ടെസ്‌ല ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ ചില പുത്തന്‍ റിപ്പോര്‍ട്ടുകള്‍ കൂടി വരുന്നുണ്ട്. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ആഗോള തലത്തിലുള്ള ഏറ്റവും വലിയ എതിരാളിയാണ് ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). മറ്റൊരു ശതകോടീശ്വരനായ വാറന്‍ ബഫറ്റിന് ഓഹരികളുള്ള ചൈനീസ് കമ്പനി ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ടെസ്‌ല ഇഫക്ടിന്റെ ഫലമായി BYD ഇന്ത്യയില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
BYD രാജ്യത്ത് ഇവി, ബാറ്ററി നിര്‍മാണ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് ഇവി ഭീമന്‍മാര്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സുമായി കൈകോര്‍ത്ത് ഒരു സംയുക്ത സംരംഭം രൂപീകരിക്കാന്‍ അധികൃതര്‍ മുമ്പാകെ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹാച്ച്ബാക്കുകള്‍ മുതല്‍ എസ്‌യുവികള്‍ വരെയുള്ള എല്ലാ സെഗ്മെന്റുകളില്‍ നിന്നുമുള്ള കാറുകള്‍ ഉള്‍പ്പെടെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര മൊത്തത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനടക്കം വമ്പന്‍ പദ്ധതികളാണ് BYD-യുടെ മനസ്സിലുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ രണ്ട് മോഡലുകളാണ് BYD ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. എംപിവി മോഡലായ e6, എസ്‌യുവിയായ അറ്റോ 3 എന്നീ മോഡലുകളാണ് ചൈനക്കാരുടെ നിലവിലെ ഓഫറിംഗുകള്‍.
CKD യൂണിറ്റുകളായി ഇന്ത്യയില്‍ എത്തിക്കുന്ന ഈ കാറുകള്‍ കമ്പനിയുടെ ചെന്നൈയിലെ ഫാക്ടറിയില്‍ വെച്ചാണ് അസംബിള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി പൊതുജനങ്ങള്‍ക്ക് വാങ്ങാം. എന്നാല്‍ BYD e6 കാറിന്റെ വില്‍പ്പന B2B വിപണിക്ക് മാത്രമായി ആദ്യം പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഈ വാഹനം വാങ്ങാന്‍ സാധിക്കുന്നു. സമീപ ഭാവിയില്‍ തന്നെ BYD ഇലക്ട്രിക് സെഡാനായ സീല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേക്കും.
BYD-യും ഇന്ത്യയില്‍ ആഭ്യന്തര ഉത്പാദനം തുടങ്ങിയാല്‍ അത് ഇലക്ട്രിക് കാറുകളുടെ വില ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്. ചൈനീസ് കമ്പനിയായ BYD ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മാതാക്കള്‍. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ അമേരിക്കക്കാരായ ടെസ്ലയാണ് ഒന്നാമത്. പോയ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാര്‍ ടെസ്‌ലയുടെ മോഡല്‍ Y ആണ്. 2022-ല്‍ ടെസ്‌ല മോഡല്‍ Y-യുടെ 786,000 യൂണിറ്റുകളാണ് വിറ്റുപോയത്. ടൊയോട്ട കൊറോളയെ പിന്തള്ളിയാണ് മോഡല്‍ Y ഒന്നാം സ്ഥാനം പിടിച്ചടക്കിയത്. അതേസമയം BYD-യുടെ സോംഗ്, യുവാന്‍ പ്ലസ്, ക്വിന്‍ തുടങ്ങിയ മോഡലുകള്‍ വില്‍പ്പന ചാര്‍ട്ടില്‍ തരംഗമാണ്. ഇന്ന് ടെസ്ലയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ചൈന. സ്വന്തം തട്ടകമായ യുഎസില്‍ നിന്നുള്ളതിനേക്കാള്‍ വില്‍പ്പനയാണ് ടെസ്ല ചൈനയില്‍ നിന്ന് നേടിയെടുക്കുന്നത്.