പത്തനംതിട്ട: സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗ്രാമപ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട് ഏറി. മിക്ക ഗ്രാമപഞ്ചായത്തുകളിലും സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ ചുവരെഴുത്തും ഭവനസന്ദർശനവുമായി സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. നവമാധ്യമ പ്രചാരണത്തിനായി പ്രത്യേക ഗ്രൂപ്പുകൾ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ് പ്രചാരണത്തിനാണ് മുൻഗണന.
ഔദ്യോഗിക സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതിനു മുൻപ് പ്രചാരണം പാടില്ലെന്ന പ്രധാന രാഷ്ട്രീയകക്ഷികളുടെ നിർദേശമുണ്ടെങ്കിലും അവയെ അവഗണിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം.
ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർഥി നിർണയത്തിലൂടെ എൽഡിഎഫാണ് പ്രചാരണത്തിൽ ഒരുപിടി മുന്നിലെത്തിയത്. അവരുടെ സ്ഥാനാർഥികൾക്കുവേണ്ടിയുള്ള ഭവനസന്ദർശന പരിപാടികൾ ആരംഭി്ച്ചു കഴിഞ്ഞു. തർക്കമില്ലാത്ത വാർഡുകളിൽ യുഡിഎഫ്, ബിജെപി സ്ഥാനാർഥികളും പ്രചാരണം തുടങ്ങി.