തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച കാലടി വാര്‍ഡ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കി സി.പി.എം. വാര്‍ഡില്‍ നേരത്തെ പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ നേതാവ് ശ്യാം മോഹനെ സി.പി.എം പിന്‍വലിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. സി.പി.ഐ വിട്ടു നല്‍കിയ നാലാഞ്ചിറയ്‌ക്കൊപ്പം കാലടി കൂടി മാണി വിഭാഗത്തിന് നല്‍കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് സി.പി.എം കാലടി വാര്‍ഡില്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. കാലടിയില്‍ കേരള കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും.
പ്രചാരണം ആരംഭിച്ചശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടിക്കെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും ഗൃഹസന്ദര്‍ശനവും പകുതി പിന്നിടുമ്പോഴാണ് ഇത്തരമൊരു നീക്കം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. ഘടക കക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പാണ് 70 സീറ്റില്‍ ഈ മാസം 6ന് സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഫോര്‍ട്ട്, നാലാഞ്ചിറ, ബീമാപ്പള്ളി, കിണവൂര്‍, ബീമാപ്പള്ളി ഈസ്റ്റ്, കുറവന്‍കോണം എന്നീ സീറ്റുകള്‍ ഒഴിച്ചിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. ബീമാപ്പള്ളി ആയിരുന്നു കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റ് വീട്ടുനല്‍കാന്‍ ലോക് താന്ത്രിക് ജനതാദള്‍ തയ്യാറാകാത്തതോടെയാണ് കാലടി വിട്ടുനല്‍കാന്‍ സി.പി.എം തയ്യാറായത്.