തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകള്‍ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം സീറ്റുകള്‍ നിശ്ചയിക്കുന്നത് അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മധ്യത്തോടെ പുതിയ ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്. 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കും. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.