പത്തനംതിട്ട : കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം വിരിഞ്ഞിട്ടുള്ളതും പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രം കേട്ടിട്ടുള്ള ദേവി – ദേവന്മാരുടെ ഇരിപ്പിടം എന്നുകൂടി വിശ്വസിക്കുന്ന സഹസ്രദള പത്മം മലയോര ജില്ലയായ പത്തനംതിട്ടയിലും വിരിഞ്ഞിരിക്കുകയാണ്. വിശാൽ – വൈശാഖ് എന്ന ഇരട്ട സഹോദരങ്ങളാണ് ഇതിനു പിന്നിൽ.
എഞ്ചിനീയറിംഗ് ബിരുദധാരികളായ വിശാലും – വൈശാഖും പത്തനംതിട്ട ജില്ലയിലെ തടിയൂർ എന്ന ഗ്രാമത്തിലെ സ്വന്തം വീടിന്റെ ടെറസിലാണ് സഹസ്രദള പത്മം വിരിയിച്ചത്. രണ്ടര മാസത്തെ സമയ ദൈർഖ്യത്തിലാണ് ഇവ വിരിഞ്ഞത്. ഈ ചെറുപ്പക്കാർ ദീര്‍ഘ നാളുകളായി പുഷ്പ കൃഷിയിലും വ്യാപൃതരാണ്. ഇവർക്ക് ടെറസിൽ നവീന രീതിയിലുള്ള ഒരു താമര പൂന്തോട്ടം തന്നെയുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് , സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ ഇവർ ഒഴിവുള്ള സമയങ്ങളില്‍ താമര – ആമ്പൽ എന്നിവയുടെ കൃഷിയിൽ വ്യാപൃതരാണ്. ഇതുവരെ ഈ കൃഷിയെ ഒരു വാണിജ്യ അടിസ്ഥാനത്തിൽ കണ്ടിട്ടില്ല. എങ്കിലും ഇവർ ആവശ്യക്കാർക്ക് താമര – ആമ്പൽ വിത്തുകൾ നൽകാറുണ്ട്. പുതു തലമുറക്ക് ഈ രണ്ടു ചെറുപ്പക്കാർ ഒരു മാതൃകയാണ്.