തായ്‌ലന്‍ഡ് : വിനോദസഞ്ചാരം പ്രധാന വരുമാന മാര്‍ഗമായുള്ള രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലന്‍ഡ്. എന്നാല്‍ കോവിഡ് മഹാമാരി തായ്‌ലന്‍ഡിന്റെയും ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡ് മഹാമാരിയുടെ ഭീതിയില്‍ നിന്നു ലോകം മുക്തമായെങ്കിലും തായ്‌ലന്‍ഡിലെ വിനോദ സഞ്ചാരമേഖലയില്‍ അത് പ്രതിഫലിച്ചു തുടങ്ങിയിട്ടില്ല. രാജ്യത്തേക്കു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തായ്‌ലന്‍ഡ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികള്‍ക്കായി മെഡിക്കല്‍ കവറേജ് സൗകര്യം ഒരുക്കിയിരിക്കുകയാണ് രാജ്യം. ലോകമെമ്പാടും വിനോദസഞ്ചാര മേഖലയെ ആയിരുന്നു കോവിഡ് തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കോവിഡ് ഭീതി അവസാനിച്ചെങ്കിലും വിനോദസഞ്ചാര മേഖല അത്ര സജീവമായിട്ടില്ല. ഓരോ രാജ്യവും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരവധി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചില രാജ്യങ്ങള്‍ വീസയില്‍ ഇളവ് ഏര്‍പ്പെടുത്തി. മന്ദഗതിയിലായ വിനോദസഞ്ചാര മേഖലയെ കൂടുതല്‍ സജീവമാക്കാന്‍ പുതിയ നീക്കം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പദ്ധതി അനുസരിച്ച് അപകടം സംഭവിച്ചാല്‍ 14,000 യു എസ് ഡോളര്‍ മെഡിക്കല്‍ കവറേജിന്റെ ഭാഗമായി സഞ്ചാരിക്കു ലഭിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ സഞ്ചാരി മരണപ്പെട്ടാല്‍ ഏകദേശം 37,270 യുഎസ് ഡോളറും നഷ്ടപരിഹാര തുകയായി ലഭിക്കും. സ്ഥിരമായി അവയവം നഷ്ടപ്പെടുകയോ കാഴ്ച നഷ്ടപ്പെടുകയോ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 300,000 തായി ബാറ്റ് ആണ് നഷ്ടപരിഹാരമായി ലഭിക്കുക. സംഭവം നടന്നു 15 ദിവസത്തിനുള്ളില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് ചികിത്സാ ചെലവ് ക്ലെയിം ചെയ്യാം. ക്ലെയിം ചെയ്താല്‍ 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റല്‍ ആയോ ഇ-മെയില്‍ ആയോ അപേക്ഷിക്കാവുന്നതാണ്. മെഡിക്കല്‍ കവറേജിന് അപേക്ഷിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ പ്രൊവിന്‍ഷ്യല്‍ ടൂറിസം ആന്‍ഡ് സ്‌പോര്‍ട്‌സ് ഓഫീസുകളിലോ ബാങ്കോക്ക് വിമാനത്താവളത്തിലെ ടൂറിസ്റ്റ് അസിസ്റ്റന്‍സിലോ ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.
അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങള്‍, കരുതിക്കൂട്ടിയുള്ള അപകടങ്ങള്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ കവറേജില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ശ്രദ്ധയും പരിചരണവും ഉറപ്പു വരുത്താനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടൂറിസം മന്ത്രി സുദവന്‍ വാങ്‌സുഫകിജ്‌കോസോള്‍ പറഞ്ഞു. തായ്‌ലന്‍ഡ് ട്രാവലര്‍ സേഫ്റ്റി സ്‌കീം പോലുള്ള സംരംഭങ്ങളിലൂടെ പുതിയ യാത്രക്കാരെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അവധിക്കാലം അടിപൊളി ആയി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരെയും ശാന്തമായി ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. തായ്‌ലന്‍ഡ് യാത്രയില്‍ മെഡിക്കല്‍ കവറേജ് ആനുകൂല്യം ലഭിക്കണമെന്നുള്ളവര്‍ ഓഗസ്റ്റ് 31 ന് മുമ്പ് ഇവിടേക്ക് എത്തേണ്ടതാണ്.