തലയോളപ്പറമ്പ : അച്ഛനെ കൊലപ്പെടുത്തിയവര്‍ക്ക് വൈരാഗ്യം മറന്ന് അന്തിയുറങ്ങാന്‍ ഭൂമി നല്‍കി മക്കള്‍ നന്മയുടെ അടയാളമാകുന്നു. തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷിന്റെ കുടുംബത്തിനാണ് തലചായ്ക്കാന്‍ വീടും സ്ഥലവും കൊല്ലപ്പെട്ട മാത്യുവിന്റെ കുടുംബം നല്‍കുന്നത്. വീടിന്റേയും സ്ഥലത്തിന്റേയും രേഖകള്‍ അനീഷിന്റെ അച്ഛന് കൈമാറും. മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് അനീഷ്. മാത്യുവും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലയിലേക്ക് നയിച്ചത്.
മാത്യുവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ തന്റെ അഞ്ച് സെന്റിലെ വീടും സ്ഥലവും മാത്യുവിന് അനീഷ് തീറെഴുതി കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയിലേക്ക് നയിച്ചത്. തലയോലപ്പറമ്പിലെ സെന്റ് ജോര്‍ജ്ജ് പള്ളി വികാരി റവ. വര്‍ഗീസ് ചെരപ്പറമ്പില്‍ , കേസ് അന്വേഷണം നടത്തുന്ന വൈക്കം സിഐ നവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറുന്നത്.