കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ സൌകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്ത് പടി, കരിമാൻതോട് എന്നിവടങ്ങളിലാണ് ബസുകള്‍ കുറച്ച് സമയമെങ്കിലും നിര്‍ത്തി ആളുകളെ കയറ്റുന്നത്. കെ.എസ്.ആര്‍.ടി.സി യും ബസുകളും തണ്ണിത്തോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് അവസാനിപ്പിക്കുന്നത് കരിമാൻതോട്ടിലുമാണ്.
എന്നാല്‍ ഇത്രയും ബസുകള്‍ സര്‍വ്വീസ് നടത്തുന്ന സ്ഥലത്ത് ഒരു ബസ്റ്റാന്‍റ് നിര്‍മ്മിക്കുവാന്‍ തണ്ണിത്തോട് പഞ്ചായത്ത് അധികൃതര്‍ക്ക് അടക്കം കഴിയാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. കരിമാൻതോട് ജംഗ്ഷനിലെ റോഡരുകിലാണ് ബസുകള്‍ ഇപ്പോൾ രാത്രിയിലും നിര്‍ത്തിയിടുന്നത്. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റുകള്‍ അടക്കം രാത്രിയില്‍ നിര്‍ത്തിയിടുന്ന ഇവിടെ ബസുകള്‍ക്ക് സുരക്ഷിതത്വവും ഇല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിമാൻതോട് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍. ടി.സി ബസിന് നേരെ ആക്രമണം ഉണ്ടാവുകയും ബസിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഒരു ബസിന് കഷ്ടിച്ച് തിരിയാവുന്ന സൌകര്യം മാത്രമാണ് ഇവിടെ ഉള്ളതും. മാത്രമല്ല നിരവധി ആളുകള്‍ താമസിക്കുന്ന പഞ്ചായത്തില്‍ ഒട്ടേറെ ജനങ്ങള്‍ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നുമുണ്ട്. കരിമാൻതോട് ഭാഗത്ത് ബസ്റ്റാന്‍റ് നിര്‍മ്മിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാണ്.