കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ചിറ്റാർ റോഡിലെ പൂട്ടുകട്ടകൾ പാകിയ അപകടകരമായ ഭാഗത്താണ് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നത്. 573 മീറ്റർ ദൂരത്തിലാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുള്ളത്.
പൊതുമരാമത്ത് റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് അനുവദിച്ച 18.19 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്. ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സാമഗ്രികൾ രണ്ട് മാസങ്ങൾക്ക് മുൻപ് എത്തിച്ചിരുന്നുവെങ്കിലും ദിവസങ്ങൾക്ക് മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ശബരിമല മണ്ഡലകാലത്ത് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. മുൻപ് ഇതേ റോഡിൽ മാക്രിപാറയ്ക്ക് സമീപത്ത് ഉൾപ്പെടെ വാഹനങ്ങൾ താഴ്ച്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. മഴക്കാലത്ത് പൂട്ടുകട്ടകളിലെ ഘർഷണം കുറയുമ്പോൾ വാഹനത്തിന്റെ ടയറുകൾ തെന്നി നീങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ ഇപ്പോൾ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചതോടെ വാഹനയാത്രയ്ക്ക് സുരക്ഷയൊരുക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍.