കോന്നി : മുഖ്യമന്ത്രിയുടെയും പത്തനംതിട്ട ജില്ലാ കളക്ടറുടെയും ഉത്തരവിനെ അവഗണിച്ച് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ സമാന്തര കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ഉത്തരവ് ഇറക്കിയിട്ടും അത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖത കാട്ടുന്ന ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അംഗം പി.മോഹന്‍രാജ്. ഇക്കാര്യത്തില്‍ കോന്നി എം.എല്‍.എയുമായി ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങള്‍ ഭീതിയില്‍ കഴിയുന്ന ഈ കൊറോണ കാലത്ത് ഇത് വേണ്ടായിരുന്നെന്നും മോഹന്‍രാജ് പറഞ്ഞു.
സർക്കാർ നിർദ്ദേശ പ്രകാരം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് ബദലായാണ് സി പി എം സമാന്തര കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഭരണം കോണ്‍ഗ്രസ്സിനാണ്. അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചന്‍ പരാജയപ്പെടുത്തെണ്ടത് സി.പി.എം അജണ്ടയായി. മാര്‍ച്ച് 28 നാണ് പഞ്ചായത്ത് കിച്ചന്‍ തുടങ്ങിയത്. സി.പി.എം ഏപ്രില്‍ അഞ്ചിനും കിച്ചന്‍ ആരംഭിച്ചു. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചിരുന്നു. ഇതില്‍ കലിപൂണ്ട് തണ്ണിത്തോട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. സര്‍ക്കാര്‍ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് സി പി ഐ എം നേതാവിന്റെ വീട്ടിൽ ഇപ്പോഴും സമാന്തര കമ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളിൽ ഉൾപ്പെടെ ഇവരാണ് ഭക്ഷണമെത്തിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചന്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
തണ്ണിത്തോട്ടിലെ സമാന്തര കമ്യൂണിറ്റി കിച്ചനെതിരെയും കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടിന് നേരേ ആക്രമണമുണ്ടായതിനെതിരെയും മുഖ്യമന്ത്രി കഴിഞ്ഞദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും എത്രയുംവേഗം അറസ്‌റ്റ് ചെയ്യുണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ അറസ്റ്റ് ചെയ്തിരുന്ന മൂന്ന് പ്രതികള്‍ക്കെതിരെയും തണ്ണിത്തോട് പോലീസ് നിസ്സാരമായ വകുപ്പുകള്‍ ആണ് ചുമത്തിയിരുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് എന്നത് വെറും നാടകമായി മാറി. നാട്ടുകാര്‍ നോക്കിനില്‍ക്കെ അറസ്റ്റിലായവര്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഈ സംഭവത്തിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരുന്നു. തുടർന്ന് ഇവരെ അന്വേഷണവിധേയമായി സി പി എം ജില്ലാ കമ്മറ്റി ഇന്നലെ സസ്പെന്റ് ചെയ്തു.
അടൂർ ഡി വൈ എസ് പി യുടെ മേൽനോട്ടത്തിൽ തണ്ണിത്തോട് സർക്കിൾ ഇൻസ്പക്ടർക്കാണ് പെൺകുട്ടിയുടെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ കുടുംബത്തിന് നേരേ സമൂഹ മാധ്യമങ്ങിൽ പ്രത്യക്ഷപ്പെട്ട ഭീഷണി സന്ദേശത്തിനെതിരെ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് വീടിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു.
തണ്ണിത്തോട് പോലീസിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. സമാന്തര കമ്മ്യൂണിറ്റി കിച്ചന്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവ് നല്‍കിയ ജില്ലാ കളക്ടര്‍ ഇപ്പോള്‍ മൌനം പാലിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സര്‍ക്കാരിനെയും കോന്നി എം.എല്‍.എയേയും പ്രീതിപ്പെടുത്താനുള്ള നീക്കമാണ് കളക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് കെ.പി.സി.സി അംഗം പി.മോഹന്‍രാജ് ആരോപിച്ചു.