കോന്നി : കിണറ്റിൽ വീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചിറ്റാർ വില്ലൂന്നിപ്പാറ മണിയൻ പാറയിൽ കെ.സി വാമദേവന്റെ കൃഷിസ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.
വനാതിർത്തിയിലെ വെറ്റില തോട്ടത്തിൽ കൃഷി ആവശ്യങ്ങൾക്കായി കുഴിച്ച കിണറ്റിലാണ് കാട്ടുപോത്ത് വീണത്. സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയും വനപാലകർ എത്തി കിണറിന്റെ ഒരു വശം ഇടിച്ച് താഴ്ത്തി കാട്ടുപോത്തിനെ രക്ഷപെടുത്തി കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. കാട്ടുപോത്തിന് പരുക്കുകൾ ഇല്ലെന്ന് വനപാലകർ പറഞ്ഞു. ഫോറസ്റ്റ് ഓഫീസർ എം.കെ ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.എസ് ശ്രീരാജ്, വി ഗോപകുമാർ, എം ആർ നാരായണൻകുട്ടി, ബി ഡാലിയ, റ്റി കൃഷ്ണപ്രിയ, അമൃത ശിവരാമൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.