പത്തനംതിട്ട: തണ്ണിത്തോട് കൊറോണ നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സിപിഎം നടപടി. സംഭവത്തിലുള്‍പ്പെട്ട ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജേഷ്, അശോക്, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ നവീന്‍ സി.പി.എം തണ്ണിത്തോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദിന്റെ സഹോദരനാണ് . ആറ് പ്രവര്‍ത്തകരേയും അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രാജേഷ്, അശോക്, അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
കോയമ്പത്തൂരിലെ കൊളജില്‍ നിന്നെത്തി കൊറോണ നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. തണ്ണിത്തോട്ടിലെ വീട്ടില്‍ വിദ്യാര്‍ഥിനി നിരീക്ഷണത്തിലിരിക്കുമ്പോള്‍ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിന്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവര്‍ പെണ്‍കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ ആയതുമുതല്‍ കേബിള്‍ ടി.വി നടത്തിപ്പുകാരനായ പിതാവ് ഓഫീസ് മുറിയിലാണ് താമസം എന്ന് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും തടസ്സമില്ലെന്നിരിക്കെ ഇക്കാര്യത്തിലുള്ള അജ്ഞതയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.