കോന്നി : തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ച സംഭവത്തിൽ ആശങ്ക വർധിക്കുന്നു. തണ്ണിത്തോട് പോലീസ് സ്റ്റേഷനിൽ ഇൻസ്പക്ടർ ഉൾപ്പെടെ മുപ്പത്തിയൊന്ന് പേരാണുള്ളത്. ഇതിൽ പതിനാല് പേർക്കാണ് ഇപ്പോൾ കൊവിഡ് ബാധിച്ചത്. അംഗബലം കുറഞ്ഞതോടെ നാല് പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് മതിയാകുന്നില്ല.
എന്നാൽ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനങ്ങളുടെ പരിശോധക്ക് ആളില്ലാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകൾ ഉള്ളതും ഇവിടെയാണ്. കൊവിഡ് പോസിറ്റീവ് കേസുകൾ കൂടാതെ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുമുണ്ട്. പോലീസ് ഡ്രൈവർക്കും പൊസിറ്റീവ് ആയതിനാൽ പെട്രോളിംഗും പ്രശ്നമാകുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ എലിമുള്ളുംപ്ലാക്കലിൽ മാത്രമാണ് ഇപ്പോൾ പരിശോധന ഉള്ളത്. കെ എ പി ബറ്റാലിയനിൽ നിന്നുള്ളവരെയാണ് ഇവിടെ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നതും. പകരം സംവിധാനമില്ലാത്തതിനാൽ ഒരേ ഉദ്യോഗസ്ഥർ തന്നെ ദിവസങ്ങളോളം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയും നിലവിലുണ്ട്. മാത്രമല്ല പോസിറ്റീവായവർ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തിയോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.