കോന്നി : തണ്ണിത്തോട് കൂത്താടിമണ്ണിൽ കോന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും വാറ്റുചാരായവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂത്താടിമൺ പടിഞ്ഞാറേ ചരുവിൽ വീട്ടിൽ സുരേഷ് പി ആർ( ഓമനകുട്ടൻ 46), കുഴിപ്പറമ്പിൽ വീട്ടിൽ സുരേഷ് (സന്തോഷ് കുമാർ 47) എന്നിവരെയാണ് കോന്നി എക്സൈസ് സംഘം പിടികൂടിയത്.
തൊണ്ണൂറ്റിയഞ്ച് ലിറ്റർ കോടയും നാല് ലിറ്റർ ചാരായവും ഇവരിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. കോന്നി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം പ്രസാദിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. സിവിൽ എക്സൈസ് ഓഫീസർ ബിജു ഫിലിപ്പ് , അജയകുമാർ, രതീഷ് എ, സുരേഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ കവിത ഡി, സന്ധ്യാ നായർ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തണ്ണിത്തോട് മലയോര മേഖലയിൽ വ്യാജവാറ്റ് നടക്കുന്നതായി വ്യാപക പരാതിയുള്ളതിനാൽ എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാം തീയതിയിലും എഴുപത് ലിറ്റർ കോടയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.