തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ ആഘോഷവും ആള്‍ക്കൂട്ടവും ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തുവാന്‍ ക്ഷേത്രോപദേശക സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തന്ത്രി സമൂഹത്തിലെ എല്ലാ ആചാര്യന്മാരും മുന്‍കെെ എടുക്കണമെന്ന് അഖില കേരളാ തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.
രാത്രി 9 മണി മുതല്‍ വെളുപ്പിന് 5 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിലെ ദേവസ്വം ബോർഡ് – സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാ സമയം രാവിലെ 6 മണിക്ക് ശേഷവും വെെകിട്ട് 7 മണിക്ക് മുമ്പായും പൂര്‍ത്തിയാക്കുന്നതിനു ശ്രദ്ധിക്കണം. നിര്‍മ്മാല്യ -ദീപാരാധന -പൂജാ ദര്‍ശന സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും സാനിറ്റെെസിംഗ് സൗകര്യങ്ങള്‍ ഒരുക്കുകയുംവേണം. ഇക്കാര്യത്തില്‍ ക്ഷേത്ര ഭരണസമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും തന്ത്രി മണ്ഡലം സംസ്ഥാന നേതൃത്വം ഓർമ്മിപ്പിച്ചു.
കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിത്യപൂജ മുടങ്ങാതെ അടിയന്തിര ചടങ്ങുകള്‍ മാത്രമായി ക്രമപ്പെടുത്തേണ്ടതാണ്. ക്ഷേത്ര ജീവനക്കാര്‍ക്ക് സമയബന്ധിതമായി കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡുകളും ഭരണസമിതികളും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സൗകര്യം ഒരുക്കേണ്ടതാണ്. കോവിഡ് -19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് ആചാര്യന്മാരും ഉപദേശക സമിതികളും ഭക്തജനങ്ങൾക്കും സമൂഹത്തിനും മാതൃകയാകേണ്ടതാണെന്നും അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം അറിയിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തില്‍ കൂടിയ അടിയന്തിര സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ വെെസ് പ്രസിഡന്റ് വാഴയില്‍മഠം എസ്. വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി , ട്രഷറര്‍ എസ് .ഗണപതി പോറ്റി , സംസ്ഥാന നിര്‍വ്വാഹകസമിതി അംഗങ്ങളായ ഡോ. ദിലീപ് നാരായണന്‍ നമ്പൂതിരി, പി.എം.വിഷ്ണു നമ്പൂതിരി, വി.എസ് .ഉണ്ണികൃഷ്ണന്‍ , മഹാദേവന്‍ പോറ്റി , പകല്‍ക്കുറി ഈശ്വരന്‍ നമ്പൂതിരി, മധുസൂദനന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.