പത്തനംതിട്ട : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പോലീസ് രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പില്‍ പ്രതിയായ ഉടമ സജി സാമിന്റെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സജിയുടെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീടും കാറും മാത്രമാണ് സമ്പാദ്യമായി ഉള്ളതെന്നും പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ച തന്നെയും ബാധിച്ചെന്നുമാണ് സജിയുടെ മൊഴി. ഒളിവില്‍ പോയിട്ടില്ലെന്നും താന്‍ ഓമല്ലൂരിലെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും സജി സാം ചോദ്യം ചെയ്യലില്‍ പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതോടെ തകര്‍ച്ച തുടങ്ങിയെന്നാണ് സജിയുടെ മൊഴി. സ്വര്‍ണ പണയത്തിന്റെ പലിശയായിരുന്നു നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. പണയം കുറഞ്ഞതോടെ നിക്ഷേപം എടുത്ത് പലിശ നല്‍കേണ്ടി വന്നു. വന്‍തുക നിക്ഷേപിച്ച ചിലര്‍ ബിഎംഡബ്ലു , ഇന്നോവ കാറുകള്‍ കൊണ്ടുപോയി. പലയിടങ്ങളിലെ 52 സെന്റ് സ്ഥലം വിറ്റ് ചിലര്‍ക്ക് പണം നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ സജി പറയുന്നു.