തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. നാളെയും മറ്റന്നാളുമായി അദ്ദേഹം നേതാക്കളെ ഓരോരുത്തരെയായി കാണും. പാര്‍ട്ടി പുനഃസംഘടനയുള്‍പ്പെടെ ചര്‍ച്ചയാകുമെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് അടിയന്തിരമായി ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുളള പരസ്യമായ വാക്‌പോരും നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്ററുകളുയര്‍ന്നതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വ്യാപകമായ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിയതും ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്.
നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ സംസ്ഥാനതലത്തില്‍ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ന്നേക്കും. എന്നാല്‍ താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിക്കെതിരെ നേതാക്കള്‍ നിലപാട് സ്വീകരിക്കുമോ എന്നത് പ്രധാനമാണ്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനമുന്നയിച്ചവര്‍ താരിഖ് അന്‍വറിനോടും ഈ വിമര്‍ശനമുന്നയിക്കുമോ എന്നതും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. പല ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. പല ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിക്കാനാണ് സാധ്യത.
നാളെ നടക്കുന്ന രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കുന്ന താരിഖ് അന്‍വര്‍, സമിതി അംഗങ്ങളുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. രണ്ട് ദിവസം കേരളത്തില്‍ തങ്ങുന്ന താരിഖ് അന്‍വര്‍ എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ ഒരോരുത്തരുമായും ചര്‍ച്ച നടത്തും. എല്ലാവരെയും വിശദമായി കേട്ടശേഷമാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.