കോന്നി : വി കോട്ടയം തട്ടക്കുന്ന് പടപ്പുപാറയിൽ പാറമട ആരംഭിക്കുന്നതിനുള്ള നീക്കത്തിനെതിരെ തട്ടക്കുന്ന് പടപ്പുപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത്. നാട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെയാണ് പാറമട മാഫിയ പുതിയ പാറമട ആരംഭിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
പാറമട ആരംഭിക്കുന്നതിന്റെ ഭാഗമായി ഇവർ രാത്രികാലങ്ങളിൽ വീടുകൾ തോറും കയറി ഇറങ്ങി ജനങ്ങളെ സ്വാധീനിച്ച് വസ്തുക്കൾ വില കുറച്ച് വാങ്ങുന്നതിന് ശ്രമിക്കുന്നതായും സമര സമിതി ആരോപിച്ചു. വള്ളിക്കോട് കോട്ടയം വില്ലേജിൽ 10,15 വാർഡുകളിലായി നിലകൊള്ളുന്ന ഇളപ്പുപാറ മുതൽ തട്ടക്കുന്ന് പടപ്പാറ ഭാഗം വരെയുള്ള താഴ്വരകളുടെ മുകൾ ഭാഗത്തായി നിലകൊള്ളുന്നതാണ് പടപ്പുപാറ തട്ടക്കുന്ന് മലനിലരകൾ. ദേശീയ പക്ഷികളായ മയിൽ, സംസ്ഥാന പക്ഷിയായ വേഴാമ്പൽ എന്നിവയുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. ഇവിടുത്തെ അൻപത് ഏക്കറോളം ഭൂമിയാണ് ഘനന മാഫിയ ലക്ഷ്യമാക്കിയിട്ടുള്ളത്. ഈ മലകൾ തകർക്കപ്പെട്ടാൽ ചുറ്റുമുള്ള പ്രദേശങ്ങളും പ്രദേവാസികളുടെ നിരവധി വീടുകളും ആരാധനാലയങ്ങളും റോഡുകളും കുടിവെള്ള ടാങ്കുകളുമെല്ലാം അപകട നിലയിലാവുകയും ചെമ്പിക്കുന്ന്, തട്ടക്കുന്ന് , ഇളപ്പുപാറ റോഡ്, വി കോട്ടയം താന്നിക്കുഴി, പടപ്പുപാറ റോഡുകൾ എന്നിവ ടിപ്പർ യാത്ര മൂലം തകരുകയും ചെയ്യും.
തട്ടക്കുന്ന് പടപ്പുപാറ സംരക്ഷണ സമിതി ചെയർമാനായി മോഹൻ തട്ടക്കുന്നിൽ, ഷൈജു തട്ടക്കുന്നിൽ (കൺവീനർ), അജിയാമ്മ റെജി (വനിതാ സമിതി ചെയർപേഴ്സൺ), കൺവീനർമാരായി സ്നേഹ റെജി, പുഷ്പ രാജു എന്നിവരേയും തെരഞ്ഞെടുത്തു.