കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് കാവ്യ എത്തിയത്. നേരത്തെ മെയ്യില്‍ ഹാജരാകാന്‍ കാവ്യയാട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസ് നീട്ടിവച്ചതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യ കൂടിയാണ് കാവ്യ. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതി കൂടുതല്‍ സമയം തേടിയിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിയില്‍ കത്ത് നല്‍കുകയായിരുന്നു. രഹസ്യ വിചാരണയായതിനാല്‍ അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടപടികള്‍. മുന്നൂറോളം സാക്ഷികളുള്ള കേസില്‍ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.
ആക്രമിക്കപ്പെട്ട നടിയുമായി കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിരോധമുണ്ടാകാനുള്ള കാരണം രണ്ടാം വിവാഹത്തിന് മുന്‍പ് കാവ്യാ മാധവനുമായുണ്ടായിരുന്ന ബന്ധം ദിലീപിന്റെ ആദ്യ ഭാര്യയെ അറിയിച്ചതായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. മഞ്ജു വാര്യര്‍, സിദ്ധിഖ്, റിമി ടോമി, നാദിര്‍ഷാ എന്നിവരടക്കം 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. താരങ്ങളടക്കം നിരവധിപ്പേര്‍ വരും ദിനങ്ങളില്‍ വിസ്താരത്തിനെത്തും.