കൊച്ചി: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രസ്‌തുത കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നടപടി പലപ്പോഴും പക്ഷപാതപരമാണെന്നും പ്രോസിക്യൂഷന് അവസരം നല്‍കുന്നില്ലെന്നുമാണ് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കോടതിയുടെ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് കേസിലെ ഇര തന്നെ രംഗത്തെത്തുന്നത് അപൂര്‍വമാണ്.
വിചാരണയുടെ പേരില്‍ പ്രതികള്‍ തനിക്കെതിരെ നടത്തിയിട്ടുള്ള ചോദ്യം ചെയ്യല്‍ പീഡനമായി മാറി. ആ ഘട്ടത്തില്‍ കാഴ്‌ചക്കാരെ പോലെ നോക്കിയിരിക്കുന്ന സാഹചര്യമാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത് തുടങ്ങി വിചാരണക്കോടതിയുടെ മേല്‍ പല സംശയങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള ഹര്‍ജിയാണ് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നാണ് അറിയുന്നത്.
നിലവില്‍ വിചാരണക്കോടതിയിലെ നടപടികള്‍ ഏതാണ്ട് നിലച്ച മട്ടിലാണ്. നടി ഹര്‍ജിയില്‍ ഉന്നയിച്ച അതേകാര്യങ്ങളില്‍ പ്രോസിക്യൂഷനും ആശങ്ക അറിയിച്ചിരുന്നു. ഇപ്പോള്‍ നടി തന്നെ ഇത്തരത്തില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ച സ്ഥിതിയ്‌ക്ക് ഹൈക്കോടതിയുടെ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല, വരുന്ന ജനുവരിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന കര്‍ശന നിര്‍ദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. രണ്ട് തവണ സമയം നീട്ടി നല്‍കുകയും ചെയ‌്‌ത സാഹചര്യം കൂടി നിലനില്‍ക്കുമ്പോള്‍ ഹൈക്കോടതി നടപടികള്‍ക്ക് കൂടുതല്‍ വേഗം കൈവരും.