റാന്നി: കാലിഡോസ്കോപ് -2കെ25, പഠന മികവും കലാ പരിപാടികളും കോർത്തിണക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ വാർഷികാഘോഷം. വിദ്യാലയത്തിന്റെ 119-ാമത് വാർഷികാഘോഷങ്ങൾ കുട്ടികൾ പഠിച്ച പാഠ ഭാഗങ്ങളുടെ ആവിഷ്കാരവും പഠന മികവുകളുടെ അവതരണത്തിലൂടെയും വ്യത്യസ്തമായി. മുൻ എം. എൽ. എ രാജു എബ്രഹാം കാലിഡോസ്കോപ് 2കെ25 ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥിയും നവാഗത സിനിമ സംവിധായകനുമായ പ്രശാന്ത് മോളിക്കന് വിദ്യാലയത്തിന്റെ വക ഉപഹാരം രാജു എബ്രഹാം സമ്മാനിച്ചു.
സ്കോളർഷിപ്പുകൾ, എൻഡോവ്മെന്റുകൾ എന്നിവയുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ് രമാദേവി, വാർഡ് മെമ്പർ രാജി വിജയകുമാർ എന്നിവർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി കൈപ്പുഴ, ടി കെ രാജൻ, സജി കൊട്ടാരം, മാനേജ്‌മെന്റ് പ്രതിനിധികളായ എം ടി മത്തായി, സാം എബ്രഹാം, പി ടി മാത്യു, സാം സി മാത്യു, പിടിഎ ഭാരവാഹികളായ ഷൈനു ചാക്കോ, ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ, മഞ്ജു രാജ് വിദ്യാർത്ഥി പ്രതിനിധികളായ എവ്‌ലിൻ അന്ന ഹേമന്ത്, നഥാൻ റെസ്‌ലിൻ ഫിലിപ്പ്, മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു. വൈവിധ്യങ്ങളായ കലാ പരിപാടികളും പഠന മികവുകളും കോർത്തിണക്കിയ കുട്ടികളുടെ അവതരണം ഏറെ ശ്രദ്ധേയമായി. പൂതപ്പാട്ടിന്റെ ദൃശ്യവിഷ്കരം, എം ടി വാസുദേവൻ നായരുടെ കഥാ പാത്രങ്ങളുടെ പുനരാവിഷ്കാരം, വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളുടെ അവതരണം, ലഹരിക്കും അക്രമത്തിനുമെതിരെയുള്ള ആഹ്വാനവുമായി ഇംഗ്ലീഷ് സ്കിറ്റ്, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി നാടകം, തുടങ്ങി വ്യത്യസ്തത പുലർത്തുന്ന കലാ രൂപങ്ങളുടെ അവതരണ വേദിയായി കാലിഡോസ്കോപ്പ്.