പീരുമേട് : വണ്ടി പെരിയാറ്റിൽ വീട്ടമ്മ ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ഭാര്യയേയും ഉടൻ അറസ്റ്റുചെയ്യുമെന്ന് പോലീസ്. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശിയായ ശ്രീദേവിയെയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീദേവി ആത്മഹത്യചെയ്ത് ആറുമാസത്തിന് ശേഷമാണ് പ്രധാനപ്രതിയും അയൽവാസിയുമായ പ്രമോദ് വർഗീസ് അറസ്റ്റിലായത്. പ്രമോദിന്റെ ഭാര്യ സ്മിത വിദേശത്തായതിനാലാണ് അറസ്‌റ്റ് വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. ശ്രീദേവിയുടെ ആത്മഹത്യക്കുറിപ്പ് ബാഗിൽ നിന്നും കണ്ടെത്തിയിരുന്നു. സുഹൃത്തായ പ്രമോദും ഇയാളുടെ ഭാര്യ സ്മിതയുടേയും പീഡനം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് ശ്രീദേവി കുറിച്ചിരുന്നു.
പ്രമോദിന്റെ പീഡനവും ശല്യവും സഹിക്കവയ്യാതെയാണ് ശ്രീദേവി മക്കൾക്കൊപ്പം പാലയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ശ്രീദേവിയുടെ ഭർത്താവ് വിദേശത്താണ്. ജൂലൈ ഒന്നാം തിയതി മക്കളെ ഡാൻസ് ക്ലാസിൽ ആക്കി ശ്രീദേവി വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. ശ്രീദേവിയുടെ അമ്മയുടെ മൊഴി ശേഖരിച്ച പോലീസ് പ്രമോദിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയെങ്കിലും അറസ്റ്റുചെയ്‌തില്ല. പ്രമോദിൻ്റെ ഭാര്യ സ്മിതയുടെ പീഡനമാണ് ശ്രീദേവിയെ മരണത്തിലേക്ക് നയിച്ചത്. സ്മിത വിദേശത്തായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകിരച്ച് ഉടൻ അറസ്റ്റുചെയ്യുമെന്ന് പോലീസ് അറിയിച്ചു.