ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ കൂടുതൽ പ്രതിപക്ഷ നേതാക്കളെ പാളയത്തിലെത്തിക്കാൻ ബിജെപി നീക്കം. കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെയാണ് പ്രധാനമായും നോട്ടമിടുന്നത്. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്.
കോൺഗ്രസിൽ രാഹുൽ ബ്രിഗേഡിലടക്കമുള്ള ഇടഞ്ഞു നിൽക്കുന്ന നേതാക്കളെയാണ് കാര്യമായി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ വരുന്ന തെരഞ്ഞെടുപ്പിൽ മോദി സർക്കാർ ഹാട്രിക്കടിക്കുമെന്ന പ്രചാരണം ബിജെപി ശക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരെ പാർട്ടിയിലേക്കടുപ്പിക്കാൻ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
കാര്യമായി വോട്ട് നേടാനായില്ലെങ്കിലും കോൺഗ്രസിലെ വിമതരടക്കം കൂടുതൽ പേർ ബിജെപിയിലെത്തുന്നത് രാഹുൽ ഗാന്ധി ദുർബലനാണെന്ന പ്രചാരണം ശക്തമാക്കാനും ബിജെപിയെ സഹായിക്കുമെന്ന് കണക്കുകൂട്ടിയാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്പേ കൂടുതൽ പ്രമുഖർ പാർട്ടിയിലെത്തുമെന്ന് നേരത്തെതന്നെ നേതാക്കൾ സൂചന നൽകിയിരുന്നു. ദേശീയതയടക്കം ബിജെപി ആശയങ്ങളോട് താൽപര്യമുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ഈയിടെ ദില്ലിയിൽ ചേർന്ന നേതൃയോഗത്തിൽ അമിത് ഷായും നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.