വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്. പൂന്തുറ മൂന്നാറ്റുമുക്ക് മദർതെരേസ കോളനി സ്വദേശി ക്ലീറ്റസിന്റെ(54) മൃതദേഹം ചൊവ്വാഴ്ചയും വിഴിഞ്ഞം കടയ്ക്കുളം സ്വദേശിയും അടിമയുടെയും കമലമ്മയുടെയും മകനുമായ ഫ്രെഡി(50)യുടെ മൃതദേഹം ബുധനാഴ്ചയുമാണ് കണ്ടെത്തിയത്. തമിഴ്‌നാട് മറൈൻ പോലീസിന്റെ മണ്ഡപം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞം കോസ്റ്റൽ പോലീസിനു വിവരം നൽകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ രാമേശ്വരത്ത് എത്തി.
ക്ലീറ്റസിന്റെ കൈയിൽ പച്ചകുത്തിയിരുന്ന കുരിശ്ശടയാളവും ഫ്രെഡിയുടെ കാലിൽ അപകടത്തെത്തുടർന്നുണ്ടായ അടയാളവുമാണ് തിരിച്ചറിയാൻ സഹായിച്ചത്. ക്ലീറ്റസിന്റെ മൃതദേഹം ബുധനാഴ്ച രാത്രിയോടെ പൂന്തുറയിലെത്തിച്ചു. രാത്രിയോടെ പൂന്തുറ സെയ്‌ന്റ് തോമസ് പള്ളിയിൽ സംസ്കാരം നടത്തി. ഭാര്യ: ബെർണാടിക്ട. മക്കൾ: ലിന്ന, ലിറ്റി, പരേതനായ ലീൻ. മരുമക്കൾ; സാജു, ധനു. ഫ്രെഡിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.