ഗാന്ധിഗർ: ഇന്ത്യൻ തീരരക്ഷാസേനയുടെ ഹെലികോപ്ടർ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ തകർന്നുവീണതിനെ തുടർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെപ്റ്റംബർ 2ന് പോർബന്തറിന് സമീപം അറബിക്കടലിൽ ഹെലികോപ്ടർ വീണതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തെങ്കിലും പൈലറ്റായ രാകേഷ് കുമാർ റാണയെ കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു. പോർബന്തറിന് 55 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കടലിൽ നിന്നാണ് വ്യാഴാഴ്ച റാണയുടെ മൃതദേഹം കണ്ടെടുത്തതെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ നാവികസേനയും കോസ്റ്റുഗാർഡും ചേർന്ന് കമാൻഡന്‍റ് രാകേഷ് കുമാർ റാണയെ കണ്ടെത്താൻ നിരന്തരമായ തിരച്ചിൽ നടത്തിയെന്നും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. നാല് ജീവനക്കാരുമായി കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എ.എൽ.എച്ച്) പോർബന്തർ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെയുള്ള മോട്ടോർ ടാങ്കറായ ‘ഹരിലീല’യിൽ പരിക്കേറ്റ ഒരാളെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കോപ്ടറിലുണ്ടായിരുന്നവരിൽ ഒരാളായ മുങ്ങൽ വിദഗ്ധൻ ഗൗതം കുമാറിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരെ കാണാതായി. ഒരു ദിവസത്തിന് ശേഷം പൈലറ്റ് വിപിൻ ബാബുവിന്റെയും മറ്റൊരു മുങ്ങൽ വിദഗ്ധൻ കരൺ സിങ്ങിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ റാണയെ കണ്ടെത്തനായില്ല.