പനാജി: 2013ൽ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചു. 2021ൽ മാപുസ വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. വിചാരണക്കോടതി വിധിക്കെതിരെ ഗോവ സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.ശിക്ഷാവിധിയിലെ വാദം പൂർത്തിയായ ശേഷം, ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രഖ്യാപിക്കും. കോടതിയിൽ ഹാജരായിരുന്ന തേജ്പാൽ, തന്റെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തെഹൽക്കയുടെ പരിപാടിക്കിടെ ലിഫ്റ്റിനുള്ളിൽ വെച്ച് തേജ്പാൽ തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു വനിതാ മാധ്യമപ്രവർത്തകയുടെ പരാതി. കേസില്‍ 2013 നവംബർ 30നാണ് തരുൺ തേജ്പാൽ അറസ്റ്റിലായത്. 2017ൽ പ്രതിക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ ഈ ആവശ്യം സുപ്രിം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കുകയുമായിരുന്നു. പിന്നാലെ 2021 മേയിലാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ടത്.




























