കാസര്‍കോട് : പ്രവാസി യുവാവ് പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൈവളിഗെ സ്വദേശി അബ്ദുൽ റഷീദ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.ദുബായിലേക്ക് ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.
പതിനഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന. കഴിഞ്ഞമാസം 26നാണ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സിദ്ദിഖിന്റെ സഹോദരന്‍ അന്‍സാരിയെയും ബന്ധു അൻവർ ഹുസൈനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സിദ്ദിഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും മർദ്ദിച്ചത്. മഞ്ചേശ്വരം സ്വദേശിയായ ഒരാൾ നൽകിയ ക്വട്ടേഷന്‍ പ്രകാരമാണ് സംഘം അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസിന് കിട്ടിയ വിവരം.