കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായി രണ്ടാഴ്ചയാകുമ്പോഴും അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പുതിയ ബ്ലോക്കിൽ ചികിത്സ എന്ന് തുടങ്ങുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഒന്നിന് പിറകെ ഒന്നായി കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പുതിയ ബ്ലോക്കിലുണ്ടായ തീപിടുത്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു.
മെയ് രണ്ടിന് രാത്രി എട്ടുമണിക്ക് അത്യാഹിത വിഭാഗത്തിലെ എംആർഐ യൂണിറ്റിനോട് ചേർന്നുള്ള സെർവർ റൂമിൽ ഉണ്ടായ തീപിടുത്തവും ആ ഘട്ടത്തിലുണ്ടായ മരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തിവരവെയായിരുന്നു ഇതേ ബ്ലോക്കിലെ ആറാം നിലയിൽ വീണ്ടും തീ പടർന്നത്. ഇതോടെ ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കേണ്ട സാഹചര്യം വന്നു. അത്യാഹിത വിഭാഗത്തിൽ ഉണ്ടായ അഞ്ച് മരണങ്ങൾ സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. രണ്ട് അപകടങ്ങൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയും നിയോഗിച്ചു.