ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. സമിതിയിലെ ചിലർ നിഷ്പക്ഷരല്ല എന്ന ഹർജിക്കാരുടെ നിലപാടിനോടാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. അടുത്ത മാസം അഞ്ചിന് സിജെപി ഡൽഹിയിൽ പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിന് അനുമതി നൽകണോ എന്നതിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ തീരുമാനം വൈകാതെയുണ്ടാകും. ഡൽഹിയിലെ പാർലമെന്റ് മാർച്ചിനിടെ നടന്ന പോലീസ് ബലപ്രയോഗം, വനിതകൾക്കെതിരെ ലൈംഗിക അതിക്രമം നടന്നു എന്ന പരാതി പോലീസിനെതിരായ അക്രമം എന്നിവയൊക്കെ പരിശോധിക്കാനാണ് സുപ്രീം കോടതി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപീകരിച്ചത്.
എന്നാൽ ഈ സമിതിയിലുള്ള ചിലരെ വിശ്വാസമില്ലെന്ന് ഇന്ന് ഹർജിക്കാരിൽ ചിലർ കോടതിയിൽ പരാമർശിച്ചു. ഇക്കാര്യം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. എല്ലാത്തിനോടും ചിലർക്ക് അവിശ്വാസമാണെന്നും ഹർജിക്കാരുടെ ആവശ്യം പരിഗണിക്കരുതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സമിതിയിലെ ജഡ്ജിമാരടക്കം നിഷ്പക്ഷരല്ലെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെ ആരോപിച്ചിരുന്നു.






























