തൃശൂർ: സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തെ പ്രോഗ്രസ് കാർഡ് വച്ച് വോട്ടു ചോദിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തോട് ബിജെപിക്ക് വിദ്വേഷ സമീപനമാണെന്നും പറഞ്ഞു.
കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ കേരളത്തിന്റെ സഹകരണ മേഖലയോട് ബിജെപിക്ക് അവരുടേതായ നിലപാടുണ്ട്. കേരളത്തെ തകർക്കുകയെന്നതാണ് ആ നിലപാട്. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ വേട്ടയാടാനാണ് നോക്കിയത്. ജനങ്ങളുടെ നല്ല രീതിയിലുള്ള വിശ്വാസം കേരളത്തിലെ സഹകരണസ്ഥാപനങ്ങൾക്കുണ്ട്. നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചിട്ടുള്ളത്. മനുഷ്യരാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. ചില ഘട്ടങ്ങളിൽ ആ മനുഷ്യരിൽ ചിലർ വഴിതെറ്റിയ നിലപാടുകൾ സ്വീകരിച്ചു. അവരോട് ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ല. കേരളത്തിലെ സഹകരണമേഖലയെ ആകെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. കുറ്റം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.