റാന്നി: നിയമസഭാ പാർലമെന്റ് വേദികളുടെ മാതൃകയിൽ സഭാ ഹാളും ഡയസും ട്രെഷറി ബഞ്ചും വാച്ച് ആൻഡ് വാർഡുമൊക്കെയായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ധേയമായി. പാർലമെന്റ് ഹാളിന് മുൻപിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ചിത്രത്തിന് മുൻപിൽ സ്പീക്കറുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സഭാ നടപടികൾ ആരംഭിച്ചത്. കുന്നം എം.ടി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രേയ അരുൺകുമാറായിരുന്നു സ്പീക്കർ.
പാർലമെന്റ് നടപടികൾ ആരംഭിച്ചപ്പോൾ തന്നെ അടിയന്തിര പ്രമേയത്തിന് നോട്ടീസ് ലഭിച്ചത് ഭരണകക്ഷിയെ ഒന്ന് ഞെട്ടിച്ചെങ്കിലും അവതരണാനുമതി ലഭിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രധാന റോഡുകളിൽപോലും തെരുവ് വിളക്കുകൾ സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കാത്തതും അതുവഴി സാമൂഹിക വിരുദ്ധർക്ക് മാലിന്യം തള്ളാൻ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നുള്ള പാർലമെന്റ് അംഗം കൃഷ്ണജിത് ആയിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ചോദ്യോത്തര വേളയിൽ സഭാ നേതാവ് കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് നൽകിയ മറുപടി സംബന്ധിച്ച് സഭയിൽ ഉണ്ടായ ബഹളവും ക്രമ പ്രശ്നവും സ്പീക്കർക്ക് നിയന്ത്രിക്കുവാൻ കഴിയുന്നതായിരുന്നില്ല. തുടർന്ന് സഭ അഞ്ചു മിനിറ്റ് നിർത്തി വെക്കുകയുണ്ടായി.
സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ച ശേഷമാണ് സഭാ നടപടികൾ പുനരാരംഭിച്ചത്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കാൻ കഴിയുന്ന 10 പദ്ധതികൾ സംബന്ധിച്ച പ്രമേയങ്ങൾ സഭയിൽ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ശുചിത്വ മഹാ യജ്ഞത്തിന്റെ ഭാഗമായാണ് കുട്ടികളുടെ ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചത്. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ബൈജു പി പോൾ, ഹരിത മിഷൻ കോർഡിനേറ്റർ ജി അനിൽ, റവ. സോജി വർഗീസ് ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ. വി. വർക്കി, എസ്. രമാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി കൈപ്പുഴ, ടി. കെ രാജൻ, പി. എച്ച്. നഹാസ്, സജി കൊട്ടാരം,രാജി വിജയകുമാർ, പ്രസന്നകുമാരി, എലിസബത് തോമസ് എന്നിവരും അധ്യാപകരായ സാബു പുല്ലാട്ട്, ഗീത രവി, ബീന റാണി, വി. ടി. ലിസി, ടി അഭിലാഷ് എന്നിവരും ഭരണ പ്രതിപക്ഷ കക്ഷികൾക്കൊപ്പം സഭയിൽ അംഗങ്ങളായി പങ്കെടുത്തത് കുട്ടികൾക്ക് ആത്മവിശ്വാസം നൽകി.
ജവഹർ നവോദയ വിദ്യാലയം, ജി. എച്ച് എസ് എസ് വെച്ചൂച്ചിറ കോളനി, എസ്.എൻ. ഡി. പി. ഹയർ സെക്കൻഡറി സ്കൂൾ വെൺകുറിഞ്ഞി, എം. ടി. വി. എച്ച്. എസ് കുന്നം, സെന്റ് തോമസ് ഹൈ സ്കൂൾ വെച്ചൂച്ചിറ, സി. എം. എസ്. എൽ. പി. സ്കൂൾ എണ്ണൂറാംവയൽ, യു.പി. എസ് കൊല്ലമുള എന്നീ വിദ്യാലയങ്ങളിലെ കുട്ടികളാണ് പാർലമെന്റിൽ പങ്കെടുത്തത്. പഞ്ചായത്ത് തല മെഗാ ക്വിസ് മത്സരത്തിൽ എൽ. പി വിഭാഗത്തിൽ ഇവ്‌ലിൻ സതീഷ്, ആതിര (സെന്റ് ജോർജ് ഇ എ എൽ പി സ്കൂൾ, വെൺകുറിഞ്ഞി )അദ്വിക് ദിപിൻ, മുഹമ്മദ് മുസ്തഫ ( സി. എം. എസ്. എൽ. പി സ്കൂൾ എണ്ണൂറാം വയൽ ) യു. പി വിഭാഗത്തിൽ ആതിര സജി, ടി. ജി.അൽക്ക ( എം. ടി. വി. എച്ച്. എസ്, കുന്നം ), അലീന മറിയം, അക്സ അന്ന ജെയ്‌സ് ( ജി. എച്ച്. എസ്. എസ് കോളനി ), ഹൈസ്‌കൂൾ വിഭാഗത്തിൽ ജ്യൂവൽ എം രാജു, അമൃത ഷിജു ( ജി. എച്ച്. എസ്. എസ് കോളനി), എസ്. ദേവർഷ്, അലീന മനോജ് ( എം. ടി. വി. എച്ച്. എസ് കുന്നം ), ഹയർ സെക്കന്ററി വിഭാഗത്തിൽ ആരതി എസ്. നായർ, പൂജ മാണി ( ജി. എച്ച്. എസ്. എസ് കോളനി),എമിൽ മരിയ ജോസഫ്, സുമംഗലി ശ്രീരാജ് ( എം. ടി. വി. എച്ച്. എസ്, കുന്നം ) എന്നിവർ വിജയികളായി. സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. റവ. സോജി വർഗീസ് ജോൺ സമ്മാനദാനം നിർവഹിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033