പത്തനംതിട്ട : ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഈ മാസം ഒന്നിന് കാസർകോഡ് നിന്നും ആരംഭിച്ച സിവിൽ സർവ്വീസ് സംരക്ഷണ യാത്ര പത്തനംതിട്ട ജില്ലയിൽ പര്യടനം ആരംഭിച്ചു. പത്തനംതിട്ട കളക്ട്രേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച ജില്ലാ പര്യടനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉത്ഘാടനം ചെയ്തു. ഐ എ എസ് ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ ബ്യൂറോക്രസിയുടെ ഭാഗമാണെന്നും എല്ലാ ഉദ്യോഗസ്ഥരേയും ചെങ്കൊടിക്ക് കീഴിൽ കൊണ്ടുവന്നാൽ മാത്രമേ അഴിമതിയെയും ഉദ്യോഗസ്ഥ മേധാവിത്വത്തെയും പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയൂ എന്നും ഉത്ഘാടന പ്രസംഗത്തിൽ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സിവിൽ സർവ്വീസ് നാടിന് ആവശ്യം, അഴിമതി നാടിന് ആപത്ത്, പെൻഷൻ നമ്മുടെ അവകാശം, തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടാണ് ജോയിൻ്റ് കൗൺസിൽ സിവിൽ സർവ്വീസ് സംരക്ഷണ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങൽ എന്നിവർ ക്യാപ്റ്റൻമ്മാരായും വൈസ് ചെയർമാൻമാരായ കെ മുകുന്ദൻ, എം എസ് സുഗതകുമാരി എന്നിവർ വൈസ് ക്യാപ്റ്റന്മാരായും നയിക്കുന്ന കാൽനടജാഥ, ഇന്ന് ( തിങ്കൾ) പത്തനംതിട്ടയിൽ നിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കോന്നിയിലെത്തി സമാപിച്ചു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉത്ഘാടനം ചെയ്യും.
നാളെ രാവിലെ 9 ന് പന്തളത്ത് നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം 5 ന് അടൂരിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ജില്ലാതല സമാപന സമ്മേളനം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉത്ഘാടനം ചെയ്യും. ജാഥ യോടനുബന്ധിച്ച് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്താൽ രൂപീകരിച്ച നൻമ്മ സാംസ്കാരിക വേദിയുടെ കലാകാരൻമാർ അവതരിപ്പിക്കുന്ന വെയിൽ കൊള്ളുന്നവർ എന്ന നാടകം ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജാഥ കടന്ന് പോകുന്ന വിവിധ ഇടങ്ങളിൽ ഓർമ്മ മരം നടും. ഡിസംബർ ഒന്നുമുതൽ 6 വരെ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ ഡിസംബർ 7 ന് പൊതുസമ്മേളനത്തോടെ സമാപിക്കും.