ചുങ്കപ്പാറ : പൊന്തൻ പുഴ -ചുങ്കപ്പാറ റോഡിന്റെ വശങ്ങളിലെ സംരക്ഷണഭിത്തികൾ ഇടിയുന്നത് അപകട ഭീഷണിയാകുന്നു. പുളിക്കൻ പാറ പാലത്തിനു സമീപത്തുനിന്നും അൻപത് മീറ്ററോളം അകലെ റോഡിന്റെ ഒരു വശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് അപകടഭിഷണിയിലായിരിക്കുകയാണ്. ഇവിടെ വശങ്ങൾ കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. രണ്ട് വാഹനങ്ങൾ സൈഡ് നൽകി കടന്നുപോകാൻ വശങ്ങളിലേക്ക് ചേർത്താൽ വൻ അപകടത്തിന് കാരണമാകും. മത്സ്യമാംസാവശിഷ്ടങ്ങൾ തള്ളുന്നതിന് വാഹനങ്ങൾ റോഡിൻ്റെ വശത്തേക്ക് ചേർക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും.
അപകടം ഒഴിവാക്കാൻ നാട്ടുകാർ കല്ലുകൾ വെച്ചിരിക്കുകയാണ്. ഇവിടെ വലിയ കൊക്കയുമാണ്. അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അസ്സീസി സെന്റർ മുതൽ ജില്ലാ അതിർത്തിയായ പുളിക്കൻ പാറ വരെ നിരവധി സ്ഥലങ്ങളിലാണ് റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. റോഡ് തകർന്ന് മെറ്റൽ ഇളകി റോഡിലും മിക്കയിടങ്ങളിലും കുഴികളും നിറഞ്ഞിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിനിടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പുനലൂർ – മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ എപ്പോഴും തിരക്കുമാണ്. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ല.