മൂവാറ്റുപുഴ: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി. പെന്റാ ഓവര്‍സീസ് റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഫീസും പൂട്ടി പണവുമായി മുങ്ങിയത്. ഇവര്‍ക്കെതിരേ 11 പേര്‍ എറണാകുളം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ജങ്ഷനു സമീപം നാസ് റോഡില്‍ കാനറാ ബാങ്കിനു മുകളില്‍ ആയിരുന്നു ഓഫീസി പ്രവര്‍ത്തിച്ചിരുന്നത്.
2021 ഫെബ്രുവരിയിലാണ് കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ പരാതിക്കാരില്‍നിന്ന് വാങ്ങിയത്. തൊഴില്‍ വിസ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് കനേഡിയന്‍ സര്‍ക്കാര്‍ തൊഴില്‍ വിസ നിര്‍ത്തലാക്കിയെന്നും തത്കാലം സന്ദര്‍ശക വിസ നല്‍കാമെന്നുമായി കാനഡയില്‍ എത്തിയ ശേഷം ഇത് തൊഴില്‍ പെര്‍മിറ്റാക്കി നല്‍കാന്‍ അവിടെ ആളുണ്ടെന്നും പറഞ്ഞു. ഏപ്രില്‍ 27-നു ശേഷം ഓഫീസ് തുറന്നിട്ടില്ലെന്നും ഇവിടത്തെ സാധനങ്ങളെല്ലാം മാറ്റിയെന്നും പരാതിക്കാര്‍ പറഞ്ഞു. വിസയ്ക്കായി രണ്ട് മുതല്‍ അഞ്ച് ലക്ഷം മുന്‍കൂര്‍ അടച്ചവരുണ്ട്.
10 ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി രണ്ട് ലക്ഷവും ശേഷിക്കുന്ന എട്ട് ലക്ഷം വിസ അടിച്ച ശേഷവും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. നഴ്സ് മുതല്‍ തോട്ടത്തില്‍ ആപ്പിള്‍ പറിക്കാനുള്ള ജോലിവരെ വാഗ്ദാനം ചെയ്തിരുന്നു. ആപ്പിള്‍ പറിക്കാന്‍ അറിയാമെന്നു കാണിക്കാന്‍ വട്ടവടയില്‍ പോയി മുന്തിരി പറിക്കുന്നതിന്റെ ചിത്രം എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് പലരും ഇത്തരത്തില്‍ പടം എടുത്ത് കൊടുത്തിട്ടുണ്ട്.