റാന്നി: ഇടമുറി പാലം-ബംഗ്ലാവുപടി റോഡിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതുമൂലം എരിതീയില്‍ നിന്നും വറചട്ടിയിലേയ്ക്കു വീണതു പോലെയായി നാട്ടുകാര്‍. റീബില്‍ഡ് കേരള ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.13 കോടി രൂപ ചിലവഴിച്ചാണ് ഒരു കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി പഴയ ടാറിംങ് പൊളിച്ചതോടെ ആദ്യം ചെളികുഴിയായി മാറി ഇവിടം. വാഹനങ്ങള്‍ മണ്ണില്‍ താഴുന്ന അവസ്ഥയായത് വാര്‍ത്തയായതോടെ പരിഹാരവുമായി അധികൃതര്‍ എത്തി. മിറ്റലും കോണ്‍ക്രീറ്റ് മിശ്രിതവും ഇട്ട് ഉറപ്പിച്ച് ചെളിക്കുണ്ടില്‍ നിന്നും മോചനം നല്‍കിയെങ്കിലും ഇപ്പോള്‍ കൂനിന്‍മേല്‍ കുരു പോലെയായി കാര്യങ്ങള്‍. മിറ്റല്‍ ഇളകി വാഹനയാത്ര സാധ്യമല്ലാതായി. കാല്‍നടയാത്ര പോലും അസാദ്ധ്യവും ദുസഹവുമായി.
ആകെ ഉണ്ടായിരുന്ന സര്‍വ്വീസ് ബസ് ഇപ്പോള്‍ ഓടുന്നുമില്ല. ഓട്ടോറിക്ഷ പോലും ഇതുവഴി വരാതെ ആയി. നാട്ടുകാര്‍ക്ക് പുറം നാടുകളുമായി ബന്ധപ്പെടണമെങ്കില്‍ കാല്‍നടമാത്രമാണ് ആശ്രയം. റീബില്‍ഡു കേരള പദ്ധതിയില്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കരാറുകാരന് പുനര്‍നിര്‍മ്മാണത്തിനായി കൈമാറിയ പഴവങ്ങാടി പഞ്ചായത്തിലെ കണ്ണങ്കര-ഇടമുറി റോഡിന്റെ അവസ്ഥയാണിത്. പഴയ മെറ്റലിംഗ് ടാറിംഗ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. റോഡ് വശങ്ങളിലേക്ക് മണ്ണും മെറ്റലും കൂനകളാക്കി മാറ്റി ഇട്ടതോടെ ഇവിടം ചെളിക്കുണ്ടായി മാറി. റോഡില്‍ മഴയോടൊപ്പം മിറ്റല്‍ ഒഴുകി വലിയ തോടു രൂപപെട്ടു. ഇതുവഴി എത്തിയ ഇരുചക്ര വാഹന യാത്രക്കാര്‍ മിറ്റലില്‍ കയറി തെന്നിവീണ് അപകടത്തില്‍ പെടുന്നത് നിത്യസംഭവമായി മാറുകയാണ്. 820 മീറ്റര്‍ ദെഘ്യത്തില്‍ 4.5 മീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ ടാറിംഗും ഇരുവശങ്ങളില്‍ ഓരോ മീറ്റര്‍ ഐറിഷ് കോണ്‍ക്രീറ്റിംഗും ആണ് എസ്റ്റിമേറ്റില്‍ ഉള്ളത്. റോഡിന്റെ അവസ്ഥ പരിഗണിച്ചു ഉടന്‍ തന്നെ പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരും കരാര്‍ കമ്പനിയും തയാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സംസ്ഥന-ദേശീയ മനുഷ്യാവകാശ കമ്മീഷനുകളെ സമീപിക്കുമെന്ന് ഇടമുറി റോഡ് ഗുണഭാക്തൃ സമിതി അറിയിച്ചു.