കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി- കോട്ടാംപാറ ഉന്നതികളിൽ ഒരു കോടി രൂപ വിനിയോഗിച്ചുള്ള അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാട്ടാത്തി നാലാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന കോട്ടാമ്പാറ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്‌ഥാന സർക്കാർ ഒരുകോടി രൂപ എം എൽ എയുടെ നിർദ്ദേശാനുസരണം അനുവദിച്ചത്. ഉന്നതികളിലെ വീടുകളുടെ നവീകരണം, റോഡുകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിർമ്മാണം, ശുചിമുറി നിർമ്മാണം, കുടിവെള്ള പദ്ധതി നവീകരണം സ്ട്രീറ്റ് ലൈറ്റുകൾ സ്‌ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.
ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. ഒപ്പം ഉന്നതികളിലെ വീടുകളിൽ പട്ടിക വർഗ വകുപ്പ് മുഖേന നൽകുന്ന കുടിവെള്ള ടാങ്ക് വിതരണവും നടന്നു. കാട്ടാത്തി കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി കെ രഘു, മിനി രാജീവ്, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പി ആർ ശിവൻ കുട്ടി, എം ജി മോഹൻ, പി ആർ. പ്രഭാകരൻ, പി.ചന്ദ്രൻ, വേണു, പട്ടിക വർഗ വകുപ്പ് ജില്ലാ ഓഫീസർ നജീബ്, ഗോപൻ, ഊര് മൂപ്പൻ മോഹൻദാസ്, ഊര് മൂപ്പ സരോജിനി, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.