റാന്നി: റാന്നി എസ് സി സ്കൂളിന് മുന്നിലെ പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. ഇറിഗേഷൻ വകുപ്പിൽ നിന്ന് 22 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. വലിയ തോടിന് കുറുകെ കാലപഴക്കം മൂലം അപകടാവസ്ഥയിലായ ഇടുങ്ങിയ പഴയ പാലം പൊളിച്ചാണ് പുതിയപാലം നിർമ്മിക്കുക. കഴിഞ്ഞ വർഷം പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ അന്ന് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ കഴിഞ്ഞതിനുശേഷം മാത്രം പഴയ പാലം പൊളിച്ചാൽ മതിയെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് ആണ് നിർമ്മാണം താമസിച്ചത്.
പരീക്ഷ കഴിഞ്ഞപ്പോഴേക്കും വേനൽ മഴ ശക്തമായി തോട്ടിലെ വെള്ളമുയർന്നതോടെ നിർമ്മാണം മുടങ്ങി. പിന്നീട് പാലം തുടങ്ങുന്ന പുനലൂർ – മൂവാറ്റുപുഴ റോഡിൻ്റെ ഭാഗം പൊളിക്കുന്നതിന് കെഎസ്ടിപിയുടെ അനുമതി കിട്ടാൻ വൈകിയതും പാലത്തിൻ്റെ നിർമ്മാണം വൈകാൻ ഇടയാക്കി. പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം അടൂർ പ്രമോദ് നാരായണ്‍ എംഎൽഎ നിർവഹിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിതാ അനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് ജോണ്‍ എബ്രഹാം, അംഗം റൂബി കോശി, കെ.കെ സുരേന്ദ്രന്‍, ബെറ്റ്സി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.