റാന്നി: മഠത്തുംചാൽ- മുക്കൂട്ടുതറ റോഡിൻ്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ ഈ മാസത്തോടെ ആരംഭിക്കാനാകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ബെഗോറ കൺസ്ട്രക്ഷൻൻസ് ആണ് റോഡിൻ്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിനായി 16 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചത്. മഠത്തുംചാൽ – മുക്കൂട്ടുതറ റോഡ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പുനർ നിർമ്മാണത്തിനായി കിഫ്ബി ഏറ്റെടുത്തത്. 36 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമ്മാണത്തിനായി 43 കോടി രൂപയാണ് അന്ന് അനുവദിച്ചത്. റോഡ് നിർമ്മാണം 90% വും കഴിഞ്ഞിരുന്നെങ്കിലും വൈദ്യുത തൂണുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റാൻ എടുത്ത കാലതാമസം റോഡ് നിർമ്മാണം അനന്തമായി നീണ്ടുപോകാൻ ഇടയാക്കി. ഇതോടെ നിർമ്മാണ സാമഗ്രികളുടെ വില കൂടിയതിനാൽ ഇനി പ്രവൃത്തി പൂർത്തീകരിക്കാനാകില്ല എന്ന് കാട്ടി അന്നത്തെ കരാറുകാരൻ നിർമ്മാണം ഉപേക്ഷിച്ചു. തുടർന്ന് കിഫ്ബി നിർമാണം പൂർത്തീകരിക്കുന്നതിനായി അധികമായി 16 കോടി രൂപയുടെ കൂടി അംഗീകാരം നേടി നിർമ്മാണം പുനരാരംഭിക്കാൻ ടെൻഡർ നടത്തിയത്. 10 മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീ. വീതിയിൽ ടാറിംഗ് നടത്തും.
റാന്നിയുടെ കിഴക്കൻ മേഖലയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും വിവിധ റോഡുകളെ കൂട്ടിയിണക്കിയുള്ള ഈ നിർമ്മാണ പ്രവൃത്തിക്ക് ഉണ്ട്. അന്ന് എം എൽ യായിരുന്ന രാജു ഏബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരം മഠത്തുംചാൽ- കരിങ്കുറ്റി റോഡ്, കരിങ്കുറ്റി – അങ്ങാടി, റാനിയിലെ 2 ബൈപാസ് റോഡുകൾ, മന്ദമരുതി- വെച്ചൂച്ചിറ – കനകപ്പലം, വെച്ചുച്ചിറ-ചാത്തൻതറ- മുക്കൂട്ടുതറ റോഡുകളെ ചേർത്തിണക്കിയാണ് പദ്ധതി തയ്യാറാക്കിയത്. കൊറ്റനാട്, റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍ അവസാനിക്കുന്നു. അങ്ങാടി, ഇട്ടിയപ്പാറ, മന്ദമരുതി, വെച്ചുച്ചിറ, ചാത്തൻതറ, മുക്കൂട്ടുതറ എന്നിവയാണ് റോഡ് ബന്ധിപ്പിക്കുന്ന പ്രധാന ടൗണുകൾ. റോഡ് കിഴക്കൻ മേഖലയുടെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമാകും. അവശേഷിക്കുന്ന ബിസി ഓവർലേ, സംരക്ഷണ ഭിത്തികൾ, അപകട സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിൻ്റെ വശങ്ങളിൽ ഓടകൾ, ഇൻ്റർലോക്ക് പാകൽ, ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുത്തൽ എന്നിവയ്ക്കാണ് പുതുതായി ഫണ്ട് അനുവദിച്ചിരിക്കുന്നത്.