റാന്നി: കരാറുകാരൻ പാലം പുതുക്കിപ്പണിയുന്ന ജോലികൾ ചെയ്യാതായതോടെ നാട്ടുകാർ കൈകോർത്തു അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിൽ നിർമ്മിക്കേണ്ട അത്തിക്കയം -കടുമീൻചിറ റോഡിലെ കൊച്ചു പാലത്തിന്റെ സംരക്ഷണ ഭിത്തിയും സമീപന റോഡുമാണ് നാട്ടുകാർ മുന്നിട്ടിറങ്ങി ബലപ്പെടുത്തിയത്. മഴയിൽ ഇടിഞ്ഞു പൊയ്ക്കൊണ്ടിരുന്ന പാലത്തിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തിയുടെയും സമീപന റോഡിന്റെയും പണികൾ പൂര്‍ത്തീകരിച്ചു.
നാട്ടുകാർ ചേർന്നുണ്ടാക്കിയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി ഉൾപ്പടെ ബലപ്പെടുത്തുന്ന ജോലികൾ നടത്തിയത്. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത 2.50 ലക്ഷം രൂപയോളം മുടക്കിയാണ് ഒരുവശത്തെ പണികൾ നടത്തിയത്. ജോലികൾ മഴയ്ക്ക് മുമ്പ് തീർക്കാനായി വേഗത്തിലാണ് ചെയ്തത്. സർക്കാർ സംവിധാനങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും കരാറുകാരനെകൊണ്ട് പാലം പണി ചെയ്യിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.