തിരുവനന്തപുരം : പുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ചെലവ് കുത്തനെ കൂടും. അപേക്ഷനൽകുമ്പോഴുള്ള ഫീസ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 10 ശതമാനം കൂട്ടി. പോസ്റ്റ് സ്ഥാപിക്കാനും വയർ വലിക്കാനും മീറ്റർ മാറ്റിവെക്കാനും ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുമുള്ള ചെലവുകളിലും വൻവർധനവരുത്തി. ചിലയിനങ്ങളിൽ 70 ശതമാനംവരെയാണ് വർധന. പുതിയ നിരക്കുകൾ വ്യാഴാഴ്ച നിലവിൽവന്നു. സാധനസാമഗ്രികളുടെ ചെലവിലും പണിക്കൂലിയിലും ഉണ്ടായ വർധന കണക്കിലെടുത്താണ് നിരക്ക് കൂട്ടിയതെന്ന് റെഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോർഡും പറയുന്നു. അഞ്ചുവർഷത്തിനുശേഷമാണ് കൂട്ടുന്നത്.
പുതിയ കണക്ഷൻ എടുക്കാനുള്ള ഫീസ് ആറുമാസത്തേക്കാണ് 10 ശതമാനം കൂട്ടിയത്. നിലവിൽ വേണ്ട പോസ്റ്റുകളുടെ എണ്ണവും വൈദ്യുതിലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്ഷൻ ചെലവ് ഈടാക്കുന്നത്. ഇതിനുപകരം കിലോവാട്ട് അടിസ്ഥാനത്തിൽ ഇത് നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമ്മിഷൻ നിർദേശിച്ചിരുന്നു. ഇത് വിജ്ഞാപനമായശേഷം ആറുമാസത്തിനുള്ളിൽ കെ.എസ്.ഇ.ബി. വീണ്ടും അപേക്ഷ നൽകണം. അതിനുശേഷം പുതിയരീതിയനുസരിച്ച് കണക്ഷനുള്ള ഫീസ് നിശ്ചയിക്കും. അപ്പോൾ ഇതിലും കൂടാനാണ് സാധ്യത.